ടെഹ്റൻ: ഇറാനിയൻ വ്യോമസേനയുടെ വൈഎകെ-130 യുദ്ധവിമാനത്തെ എഫ്-35 സ്റ്റെൽത്ത് ഫൈറ്റർ ജെറ്റ് വെടിവച്ചിടുന്നതിന്റെ വീഡിയോ പുറത്തുവിട്ട് ഇസ്രായേൽ സൈന്യം. ടെഹ്റനിലാണ് സംഭവം.
ആക്രമണത്തിന്റെ 16 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഇസ്രയേൽ വ്യോമസേന എക്സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടു. ഏകദേശം 40 വർഷത്തിനിടെ ആദ്യമായാണ് ഇസ്രയേൽ വ്യോമസേന ആകാശത്തുവച്ച് ശത്രുചേരിയിലെ വിമാനവുമായി നേരിട്ട് ഏറ്റുമുട്ടുന്നത്.
"ഞാൻ വെടിവച്ചു, ലക്ഷ്യം കണ്ടു, ഞങ്ങൾ ആക്രമണം തുടരും'. പൈലറ്റ് വീഡിയോയിൽ പറയുന്നത് കേൾക്കാം. ആക്രമണത്തിൽ തകർന്ന വൈഎകെ-130 യുദ്ധവിമാനത്തിലെ പൈലറ്റ് രക്ഷപെട്ടോയെന്ന് വ്യക്തമല്ല.
അതേസമയം, ടെഹ്റനിലെ സുരക്ഷാ കമാൻഡ് സെന്ററുകളും പടിഞ്ഞാറൻ ഇറാനിലെ ഇസ്ഫഹാനിലെ മിസൈൽ കേന്ദ്രവും ഉൾപ്പെടെ ആക്രമിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു.